വെളളപ്പൊക്ക ദുരന്തം നേരിടുന്ന ത്രിപുരയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ധനസഹായം. 40 കോടി രൂപയാണ് കേന്ദ്രസഹായം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിലൂടെ ഇക്കാര്യമറിയിച്ചത്.
എന്നാല്‍ വയനാള്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ത്രിപുരയ്ക്ക് അടിയന്തരമായി സഹായം പ്രഖ്യാപിച്ചത്. വയനാട്ടിലെ മടിക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആ ഗ്രാമങ്ങള്‍ തന്നെ മുഴുവന്‍ ഒലിച്ചുപോയ സാഹചര്യമായിരുന്നു.
300ന് മുകളില്‍ ആളുകളാണ് വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞത്. ദുരന്തം നേരിട്ട വയനാടിന് കേന്ദ്ര സഹായമാവശ്യപ്പെട്ട കേരളത്തിന് കേന്ദ്രം അനുകൂല മറുപടി ഒന്നും നല്‍കിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടും ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കനത്ത മഴയെ തുടര്‍ന്നുണ്ടായ ത്രിപുരയിലെ പ്രളയത്തില്‍ 12 പേരോളമാണ് മരിച്ചത്. അരുണാചലിലും അസമിലുമുള്ള ദേശീയദുരന്തപ്രതികരണ സേനയുടെ സംഘങ്ങളെ കേന്ദ്രം സംസ്ഥാനത്തേക്ക് അയച്ചു. ഗോമതി നദി കടന്നുപോകുന്ന ബംഗ്ലാദേശിലെ കിഴക്കന്‍ ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായി.