Trending

അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ 5 വര്‍ഷത്തെ വിലക്ക്; 25 കോടി പിഴ, നടപടിയുമായി സെബി

 ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ നിന്ന് അനില്‍ അംബാനിയെ വിലക്കി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. അഞ്ച് വര്‍ഷത്തേക്കാണ് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 25 കോടി രൂപ പിഴയും അടയ്ക്കണം. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിട്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ഇതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കാനോ കഴിയില്ല. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കും വിലക്കും പിഴയും ചുമത്തിയിട്ടുണ്ട്. റിലയന്‍സ് ഹോം ഫിനാന്‍സിന് വിപണിയില്‍ ആറ് മാസത്തെ വിലക്കും സെബി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിലയന്‍സ് ഹോം ഫിനാന്‍സിലെ പ്രധാന മാനേജര്‍മാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാന്‍ അനില്‍ അംബാനി ആസൂത്രണം നടത്തിയെന്നാണ് കണ്ടെത്തല്‍. കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഇത്തരം വായ്പാ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അവഗണിച്ചായിരുന്നു നടപടി. ഇതിനായി അനില്‍ ധീരുബായ് അംബാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും റിലയന്‍സ് ഹോം ഫിനാന്‍സിലെ ഓഹരി ഉടമസ്ഥതയും ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍. ആസ്തികളും വരുമാനവും ഇല്ലാത്ത കമ്പനികള്‍ക്ക് കോടികളുടെ വായ്പകള്‍ അനുവദിക്കുന്നതില്‍ കമ്പനി അധികാരികള്‍ അമിത താല്‍പര്യം കാണിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.


Post a Comment

Previous Post Next Post