ദൈവം നമുക്ക് ശാന്ത സുന്ദരമായി ശുദ്ധമായി സുരക്ഷിതമായി വരദാനം പോലെ നൽകിയ ഈ പ്രകൃതിയെ ആകൃതിയെ നൈസർഗികതയെ സാമ്പത്തിക ശക്തികളും മത രാഷ്ട്രീയ അധികാരികളും അനാവശ്യമായി ചൂഷണം ചെയ്യുന്നു എന്നത് കേരളം ദുരന്തങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഓർമ്മിക്കേണ്ടത് അനിവാര്യമാണ്...
യാഥാത്ഥ്യം പറയുന്നത് ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ തന്നെ ധ്വരയുടെ കരങ്ങളാൽ ഒര് പാട് ഇടങ്ങളിൽ ജീവനും ജീവിതവും അവസാനിച്ചു പോയ രക്തസാക്ഷികളുടെ പക്ഷി മൃഗാധികളുടെ പൂക്കളുടെയും പൂമ്പാറ്റകളുടെയും അകാലത്തിൽ പൊലിഞ്ഞു പോയ അണ്ണാറകണ്ണൻ വരെയുള്ളവരുടെ പ്രതിനിധികളായ നമുക്ക് ഈ ദുഃഖം ദുരിതം പറയാതിരിക്കാൻ കഴിയില്ല...
അതെ...ആ മണ്ണിൽ ദുരന്തഭൂമിയുടെ കൂർത്ത ഭീമൻ പാറക്കല്ലിനടിയിൽ ചതുപ്പ് നിലങ്ങളിലും ജീവനുവേണ്ടി തിരയുന്ന കേരളത്തിന്റെ സുകൃത ജന്മങ്ങളായ ജാതിമതഭേദമന്യേയുള്ള സേവകരായ സഹോദരങ്ങളുടെ, മാതാവ് നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് കാരുണ്യത്തിന്റെ മുലപ്പാൽ ചുരത്തി കൊടുക്കാൻ തയ്യാറായ പുണ്യസഹോദരിമാരുടെ പ്രതിനിധികളാണ് ഞങ്ങളെങ്കിൽ ഈ വ്യഥ പറഞ്ഞു കൊണ്ടേയിരിക്കും...
ലക്കും ലഗാനവും ഇല്ലാതെ തുടരുന്ന പ്രകൃതിയോടുള്ള കയ്യേറ്റങ്ങളെ അവസാനിപ്പിക്കുന്നില്ലെങ്കിൽ ഇതിനേക്കാൾ വലിയ ദുരന്തങ്ങൾ നിഷ്കളങ്കരായ നിരപരാധികളായ നിസ്സഹായരായ പാവം മനുഷ്യരുടെ മേൽ ഇവിടെ എന്നല്ല ലോകത്തിൽ എല്ലാ ഇടങ്ങളിലും ഇടിത്തീ പോലെ വന്ന് ഭവിക്കും എന്നത് വലിയ മുന്നറിയിപ്പായി ഈ അവസാന സംഭവവും തിരിച്ചറിവ് നൽകണം...
നോക്കൂ..ആ സാധുക്കളുടെ പിറന്നുവീണ നാടും അവർ കളിത്തൊട്ടിൽ കെട്ടിയ മണ്ണിലെ അവരുടെ സ്വപ്നങ്ങൾക്ക് ഊടും പാവും നൽകിയ ഭവനങ്ങളും ഇന്നെവിടെ...
കുഞ്ഞു പൈതങ്ങൾ കളിമണ്ണ് കൊണ്ട് കളിവീടുണ്ടാക്കിക്കളിച്ച അവരുടെ ഹൃദയ ഭൂമികയെവിടെ, പ്രിയ മണ്ണിൽ വിതച്ച് കൊയ്ത് കഠിനാധ്വാനം കൊണ്ട് ജീവനെ ജീവിതത്തെ സ്വപ്നങ്ങളെ കരുപ്പിടിപ്പിച്ച ആ പ്രിയ മനേഹര ഇടം ഇന്നെവിടെ ... എല്ലാം നഷ്ടമായില്ലെ...
ഇന്നലെ വരെ നമ്മളോടൊപ്പം അവരുമുണ്ടായിരുന്നുവെന്ന ലക്ഷണം പോലും അവശേഷിക്കാതെ ആർത്തലച്ചുവന്ന ദുരന്തത്തിൽ അവരുന്ന ഭൂപടം പോലും അവശേഷിക്കാത്ത വിധംഎല്ലാം ഒഴുകിത്തീർന്നുപോയ്...
ഇനിയും നമ്മുടെ മനസ്സലിഞ്ഞില്ലെങ്കിൽ വീണ്ടു വിചാരമുണ്ടാകുന്നില്ലെങ്കിൽ മഹാ ദുരിതത്തിന്റെ മഹാ പ്രളയത്തിൽ, ഇനിയും ഇവിടെ തകരാൻ ഒരുപാട് ജീവനും ജീവിതമുണ്ടാകുമെന്ന് നാം
തിരിച്ചറിയേണ്ടയിരിക്കുന്നു...
കഴിഞ്ഞവർഷം നാട്ടിൽ ചെന്നപ്പോൾ വികസനത്തിന്റെ പേരിൽ ചെറുവത്തൂർ മുതൽ നിലേശ്വരം വരെയുള്ള കുന്നുകൾ (വീരമല )ഇടിച്ചു നിരപ്പാക്കിയത് കണ്ട ദുഃഖ സങ്കടവും നടുക്കവും ഇതെഴുതുമ്പോൾ ഞാൻ ഓർത്തു പോവുകയാണ്...
580 കിലോമീറ്റർ നീളവും 10 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വ്യത്യസ്ത ഇടങ്ങളിൽ വീതി മാത്രമുള്ള ഈ ഒരു കൊച്ചു കേരളത്തിന് താങ്ങാനാവാത്ത ഭാരങ്ങൾ കെട്ടിപ്പൊക്കിയും മലയുടെ ചുരങ്ങൾ തുരന്നും ഭൂമിയുടെ നൈസർഗികതയും ആവാസ നിവാസ സന്തുലിതത്വവും തകർത്തും നാം അനുദിനം മുന്നേറുകയാണ്...
ആറുമാസത്തിലധികം മഴയും മൺസൂണും സംഭവിക്കുന്ന കേരളത്തിൽ വിശാലമായ പശ്ചിമഘട്ടവും 44 നദികളും അപകടമുണ്ടാക്കിയേക്കാവുന്ന ഭാരമുള്ള അണക്കെട്ടുകളും അങ്ങനെ പല പ്രത്യേകതകളുമുള്ള നമ്മുടെ നാട്ടിൽ മാറിമാറി വരുന്ന ഗവൺമെന്റുകളുടെ തത്വദീക്ഷയില്ലാത്ത വികസന പ്രവർത്തനങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണ് നാം...
2018ലെ മഹാ പ്രളയത്തിൽ 40,000 കോടി രൂപയാണ് നാടിന് നഷ്ടമുണ്ടായത് 500 ഓളം മനുഷ്യർക്ക് ജീവഹാനി സംഭവിച്ചു, ഒരുപാട് ആളുകൾക്ക് ശാരീരിക ക്ഷമത നഷ്ടപ്പെമായതും വിസ്മരിക്കാനായിട്ടില്ല..
പ്രകൃതിയോട് നാം ചെയ്തു കൂട്ടിയ വികൃതിയാൽ ദുരിതം വരാനുണ്ട് എന്ന ഗാഡ്കിലും കസ്തൂരിരംഗനും സുഗതകുമാരി ടീച്ചർ, ശോഭീന്ദ്രൻ മാഷിനെപ്പോലെ മറ്റനേകം പാരിസ്ഥിതിക പ്രവർത്തകരെല്ലാം നൽകിയ മുന്നറിയിപ്പുകൾക്ക് നേരെ മുഖം തിരിക്കരുത് എന്ന് തന്നെയാണ് നമുക്ക് വീണ്ടും സൂചിപ്പിക്കാനുള്ളത്...
മേൽ പറഞ്ഞ കാര്യങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ പറഞ്ഞിട്ടും മതിയാവാതെ വീണ്ടും പറയാനുള്ളത് ദുരന്ത ഭൂമികയിൽ സേവനങ്ങൾ കൊണ്ട് ചേർത്തുപിടിച്ച കേരളത്തിൻറെ മഹാമനസ്കതയെ സുകൃതമേ നിനക്ക് നമോവാകം!
✍️ബഷീർ വടകര
വി ഫോർ ന്യൂസ് ഡയറക്ടർ ബോർഡ് അംഗം
Tags:
വയനാട്