Trending

ഇത് അനുകരണീയ മാതൃക, മലപ്പുറം ജില്ലാ പഞ്ചായത്തിലെ 225 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു


മലപ്പുറം: ജില്ലയിൽ അരക്ക് താഴെ തളർന്നവരും വിവിധതരത്തിൽ പുറംലോകം കാണാൻ കഴിയാത്തവരുമായ മുഴുവൻ ഭിന്നശേഷി ഗുണഭോക്താക്കൾക്കും പവർ ഇലക്ട്രിക് വീൽചെയറുകൾ നൽകി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്. ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച 'ഭിന്നശേഷി സൗഹൃദ മലപ്പുറം' പദ്ധതിയുടെ ഭാഗമായി 3.50 കോടി ചെലവഴിച്ച് 225 പേർക്കാണ് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തത്. 

ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ സംയുക്ത പദ്ധതിയായാണ് മാതൃകാ പ്രോജക്ട് നടപ്പാക്കിയത്. വീൽചെയർ വിതരണോദ്ഘാടനം മലപ്പുറം വാരിയൻകുന്നത് സ്മാരക ടൗൺഹാളിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ അധ്യക്ഷയായി.

പി. ഉബൈദുള്ള എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എൻ.എ കരീം, സെറീന ഹസീബ്, നസീബ അസീസ്, ആലിപ്പറ്റ ജമീല, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കാരാട്ട് അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കലാം മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി മനാഫ്, കെ.ടി അജ്മൽ, പി.പി മോഹൻദാസ്, സെക്രട്ടറി എസ്. ബിജു, ജില്ലാ സാമൂഹികനീതി ഓഫീസർ ഷീബാ മുതാസ് എന്നിവർ സംസാരിച്ചു. മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

കഴിഞ്ഞ സാമ്പത്തിക വർഷം 60 പേർക്ക് ജില്ലാ പഞ്ചായത്ത് വീൽചെയറുകൾ ലഭ്യമാക്കിയിരുന്നു. ഇതോടെ അർഹരായ എല്ലാവർക്കും ഇലക്ട്രിക് വീൽചെയറുകൾ ലഭ്യമാക്കാനായി. ആദ്യഘട്ടത്തിൽ താലൂക്ക് അടിസ്ഥാനത്തിലും തുടർന്ന് ബ്ലോക്ക് അടിസ്ഥാനത്തിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ജില്ലാ സാമൂഹിക നീതി ഓഫീസർ നിർവഹണ ഉദ്യോഗസ്ഥയായാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ സർക്കാർ ഏജൻസിയായ കെൽട്രോൺ വഴിയും രണ്ടാംഘട്ടത്തിൽ ഓപ്പൺ ടെണ്ടർ വഴി തെരഞ്ഞെടുത്ത സ്വകാര്യ സ്ഥാപനവുമാണ് ജില്ലാ പഞ്ചായത്തിന് വീൽചെയർ സപ്ലൈ ചെയ്തത്. 

Post a Comment

Previous Post Next Post