കേന്ദ്രസര്‍ക്കാരില്‍ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു. കേരളം സമര്‍പ്പിച്ച 109 കോടി രൂപയില്‍ 92.41 കോടി രൂപയാണ് ലഭിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഉള്ള തുകയാണ് അനുവദിച്ചത്. നോണ്‍ റെക്കറിങ് ഇനത്തില്‍ ഇനി 17 കോടി രൂപ ലഭിക്കാനുണ്ട്.
സംസ്ഥാനത്തെ സ്പെഷ്യല്‍ അധ്യാപകരുടെ നിയമനം സംബന്ധിച്ച തുകയാണ് കേന്ദ്രം കൈമാറിയത്. കേരളത്തിന് നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. തടഞ്ഞ് വച്ച ഫണ്ട് നല്‍കുമെന്ന് എഎസ്ജി വഴിയാണ് അറിയിച്ചത്. നിയമനം നടത്താനാകാത്തത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞ് വച്ചത് മൂലമാണെന്നായിരുന്നു കേരളത്തിന്റെ നിലപാട്.
അര്‍ഹതപ്പെട്ട പണം പോലും കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായിരുന്നു കേന്ദ്രം മറുപടി നല്‍കിയത്. ഈ മാസം പത്തിന് ഡല്‍ഹിയിലെത്തി ഫണ്ട് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കേണ്ടി വന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Tags:
തിരുവനന്തപുരം