Trending

എസ് ഐ ആര്‍: കേരളം സുപ്രീം കോടതിയിലേക്ക്; തീരുമാനമെടുത്ത് സര്‍വകക്ഷി യോഗം

തിരുവനന്തപുരം | തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. കേസില്‍ കക്ഷിചേരുമെന്ന് കോണ്‍ഗ്രസ്സ് അറിയിച്ചു. ബി ജെ പി ഒഴികെയുള്ള എല്ലാ കക്ഷികളും സുപ്രീം കോടതിയെ സമീപിക്കുന്നതിനെ അനുകൂലിച്ചു. 

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, എസ് ഐ ആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലുണ്ട്. എന്നിട്ടും 002-ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി മുന്നോട്ട് വച്ച നിലപാടിനെ പൂര്‍ണമായും പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നാണ് എസ് ഐ ആറിനെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശേഷിപ്പിച്ചത്. 


Post a Comment

Previous Post Next Post