✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ: ബഷീർ വടകര
അബുദാബി : എസ് ഐ.ആർ ഉം പ്രവാസികൾക്കുള്ള മുന്നറിയിപ്പും മാർഗ്ഗനിർദ്ദേശവും '
✍️ബഷീർ വടകര
വിദേശരാജ്യങ്ങളിൽ പ്രവാസ ജീവിതത്തിന്റെ തിരക്കിലും പ്രയാസങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർക്കും സ്വന്തം രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയോട് ഉള്ള ബന്ധം നിലനിർത്തി സൂക്ഷിക്കുക ഒരു അവകാശവും ഉത്തരവാദിത്വവുമാണ്.
അടുത്തിടെ SIR സംവിധാനവുമായി ബന്ധപ്പെട്ടുണ്ടായ കർശനപ്പെടുത്തലുകളും അപേക്ഷ നിരസിക്കപ്പെടുന്ന സംഭവങ്ങളും പ്രവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും അത്യന്തം പ്രസക്തമാവുന്നത്.
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സ്വന്തം നാട്ടിലെ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയുടെ ജനപ്രതിനിധി നിയമത്തിൽ 2010-ൽ വരുത്തിയ ഭേദഗതിയോടെയാണ് ‘പ്രവാസി വോട്ടർ’ എന്ന പ്രത്യേക വിഭാഗം സൃഷ്ടിക്കപ്പെട്ടത്.
എങ്കിലും, നിലവിലെ വോട്ടർ പട്ടിക പുനഃക്രമീകരണ പ്രവർത്തനങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളും അപേക്ഷ നിരസിക്കപ്പെടാൻ കാരണമാകുന്ന സാങ്കേതിക പിഴവുകളും ആശങ്കയോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
വിവിധ എംബസികളിലും കോൺസുലേറ്റുകളിൽ നിന്നും ലഭ്യമായ കണക്കുകൾ പ്രകാരം ഇപ്പോൾ ലോകമെമ്പാടും 1.35 കോടി പ്രവാസികൾ വിദേശത്തുണ്ട്, എന്നാൽ 1,19,374 ലക്ഷം പേരാണ് ഔദ്യോഗിക വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 70 ശതമാനത്തോളം പേരും ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്.
ലക്ഷക്കണക്കിന് പ്രവാസികൾ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്ന പശ്ചാത്തലത്തിൽ ഈ സംഖ്യ അതീവ കുറവാണെന്നത് നിരാശാജനകമാണ്.
കേരളത്തിൽ നിന്ന് പല വിദേശരാജ്യങ്ങളിലുമായി ഏകദേശം 22 ലക്ഷം പേരാണ് പ്രവാസ ലോകത്താകമാനമുള്ളത് , അതിൽ 90 ആയിരം പേർ മാത്രമാണ് വോട്ടർ പട്ടികയിൽ ഇപ്പോൾ ഇടം നേടിയട്ടുള്ളത്.
പ്രവാസികളായി ദീർഘകാലം താമസിക്കുന്നവർ ക്ക് വിദേശരാജ്യങ്ങളിൽ കുട്ടികൾ ജനിക്കുകയും അവരുടെ ഔദ്യോഗിക രേഖ വിദേശത്താവുകയും മാതാപിതാക്കൾക്ക് വോട്ടർ പട്ടികയിൽ പേര് ഇല്ലാതാവുകയും ചെയ്യുമ്പോൾ വരുന്ന തലമുറകൾക്ക് പൗരത്വ രേഖ സമർപ്പിക്കേണ്ട സാഹചര്യങ്ങളിൽ പ്രയാസപ്പെടേണ്ടി വന്നേക്കും.
കൂടാതെ മറ്റു രാജ്യങ്ങളിൽ പൗരത്വം ലഭിച്ച ഒ സി ഐ പി ഐ ഓ കാറ്റഗറിയിൽ പെട്ട ഇന്ത്യൻ പൗരന്മാർക്കും അവരുടെ മക്കൾക്കും ഭാവിയിൽ വോട്ടർ പട്ടികയിൽ ഇടമില്ലാത്തിനാൻ വോട്ടർ ഐഡി ഇല്ലെങ്കിൽ വന്നേക്കാവുന്ന പ്രതിസന്ധിയും എന്തൊക്കെയാവും എന്നത് മുൻകൂകൂട്ടി പ്രവചിക്കാൻ കഴിയാത്തതാണ്.
പ്രവാസി വോട്ടറുടെ അപേക്ഷകളിൽ സംഭവിക്കുന്ന സാങ്കേതിക പിഴവുകളാണ് അപേക്ഷകൾ നിരസിക്കപ്പെടുന്നതിന് മുഖ്യകാരണമാവുന്നത് പാസ്പോർട്ടിലെ പേരും അപേക്ഷയിൽ നൽകിയ പേരും തമ്മിലെ വ്യത്യാസം, എംബസി മുദ്രകളുടെ സ്പഷ്ടത കുറവ്, നാട്ടിലെ വിലാസ രേഖകളുടെ അഭാവം, പാസ്പോർട്ട് പേജുകൾ മങ്ങിയ രൂപത്തിൽ സ്കാൻ ചെയ്യൽ, വിസ/റസിഡൻസ് കാർഡ് പകർപ്പിന്‍റെ അപൂർണ്ണത തുടങ്ങിയവയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്ന പ്രശ്നങ്ങൾ.
ഇതുകൂടാതെ, ചിലപ്പോൾ അപേക്ഷകരുടെ നാട്ടിലെ വിലാസം സ്ഥിരീകരിക്കാൻ BLO എത്തുമ്പോൾ വീട്ടിൽ വിശ്വാസയോഗ്യമായ വിവരങ്ങൾ നൽകാൻ ആളുകളില്ലാതിരിക്കുന്നത് മറ്റൊരു പോരായ്കയാണ്.
2024–25 ലെ വോട്ടർ പട്ടിക തിരുത്തലിൽ SIR പ്രക്രിയ കൂടുതൽ കർശനമായ പരിശോധനകൾ ഉൾപ്പെടുത്തിയതിനാൽ പ്രവാസികൾ അപേക്ഷിക്കുമ്പോൾ ഏറ്റവും കൂടുതൽ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. അപേക്ഷ (Form 6A) സമർപ്പിക്കുമ്പോൾ താഴെപ്പറയുന്ന രേഖകൾ വ്യക്തവും വായിക്കാൻ പറ്റുന്ന രീതിയിലുമാണെന്ന് പരിശോധിച്ച് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്:
പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, എൻട്രി എക്സിറ്റ് മുദ്രകളുള്ള പേജുകൾ ,സാധുവായ റസിഡൻസ് വിസ IDകാർഡ്, നാട്ടിലെ സ്ഥിര വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയടക്കം അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങളും പാസ്പോർട്ട്ലെ പേരും വിവരങ്ങളും ഒന്നു പോലെ തന്നെയാണെന്ന് വ്യക്തമായി പരിശോധിക്കുക.
രേഖകളിൽ ചെറിയൊരു പിഴവുപോലും അപേക്ഷ നിരസിക്കപ്പെടാൻ കാരണമാകുന്നത് കൊണ്ട് പ്രവാസികൾ വിവരങ്ങൾ കൈമാറുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അപേക്ഷ അംഗീകരിച്ചാൽ, വോട്ടർ പട്ടികയിൽ O/V വിഭാഗത്തിൽ പേര് ചേർക്കപ്പെട്ടാൽ വോട്ട് ചെയ്യാൻ ഇന്ത്യയിലേക്ക് നേരിട്ട് എത്തണമെന്ന വ്യവസ്ഥയിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. ഓൺലൈൻ/തപാൽ വോട്ടിംഗ് സംവിധാനം നിലവിൽ നടപ്പിലാക്കിയിട്ടില്ലെന്നതും ഭാവിയിൽ വിദേശരാജ്യങ്ങളിൽ നിന്നു കൊണ്ടുതന്നെ വോട്ട് ചെയ്യുവാനുള്ള അവസരം വന്നേക്കാമെന്നതിനാൽ പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കുന്നത് ഗുണകരമായിരിക്കും.
ജനാധിപത്യം പൗരന്മാരുടെ പങ്കാളിത്തത്തിലാണ് പുഷ്ടിപെടുന്നത്. കോടിക്കണക്കിന് പ്രവാസികൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ അതുല്യമാണ്. അതിനൊപ്പം, അവർക്ക് ജനാധിപത്യ പ്രക്രിയയോട് ഉള്ള താല്പര്യവും കൂടുതൽ ശക്തമാകേണ്ടതുണ്ട്. അതിനായി SIR നടപടിക്രമങ്ങളെ കുറിച്ച് അറിയേണ്ടതും വോട്ടർ പട്ടികയിൽ പേരുണ്ടാകാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി രേഖകളുടെ വ്യക്തത ഉറപ്പാക്കിക്കൊണ്ട് Form 6A സമർപ്പിക്കണമെന്നതടക്കം എല്ലാ നിർദ്ദേശങ്ങളും ഗൗരവമായി മനസ്സിലാക്കൂക.
ജനാധിപത്യത്തിന്റെ ആത്മാവായ പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്ത് താമസിക്കുന്ന പൗരന്മാർക്ക് മാത്രമല്ല പ്രവാസികൾക്കടക്കം അവകാശപ്പെട്ട സമ്മതിദാന അവകാശം കുറ്റമറ്റ രീതിയിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തേടെയാണ് SIR (Special Electoral Registration) സംവിധാനം വഴി കൂടുതൽ കാര്യക്ഷമത ഉറപ്പുവരുത്തുന്നത്.
Tags:
GULF NEWS