✍️ വി ഫോര്‍ ചീഫ് എഡിറ്റർ : ബഷീർ വടകര
വിദ്വേഷം രാഷ്ട്രീയ ആയുധമാകുകയും
മതം മനുഷ്യരെ വേർതിരിക്കുന്ന വരമ്പായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന
ഇന്നത്തെ കാലഘട്ടത്തിലാണ്
ആദരണീയനായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
കേരളത്തിന്റെ മണ്ണിലൂടെ ഒരു യാത്ര നയിക്കുന്നത്.
ഈ യാത്ര ഒരു സംഘടനാപ്രചാരണമോ
മതവിഭാഗത്തിന്റെ ആഹ്വാനമോ
വോട്ട് രാഷ്ട്രീയ താൽപ്പര്യമോ അല്ല.
മനുഷ്യനെ
മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അപ്പുറം
മനുഷ്യനായി കാണാനുള്ള
ഒരു ആത്മീയ ക്ഷണമാണിത് എന്ന് നാം വ്യക്തമായി തിരിച്ചറിയണം.
കാന്തപുരം ഉസ്താദിന്റെ ആത്മീയബോധം
ഒരിക്കലും കർശനതയിലോ
വെറുപ്പിന്റെ തീവ്രതയിലോ അധിഷ്ഠിതമല്ല.
അദ്ദേഹം അവതരിപ്പിക്കുന്ന ആത്മീയത
മനുഷ്യനെ കരുണയിലേക്കും
സ്നേഹത്തിലേക്കും നയിക്കുന്ന
ദൈവീക ബോധമാണ്.
അതുകൊണ്ടുതന്നെ
അദ്ദേഹത്തിന്റെ കേരളയാത്രയിൽ മുഴങ്ങുന്ന സന്ദേശം
മതപരിധികൾക്കപ്പുറം
മനുഷ്യ മനസ്സുകളെ
മാനവികതയുടെ ആഴത്തിലേക്ക്
സ്പർശിക്കുന്നതായി അനുഭവപ്പെടുന്നു.
“മനുഷ്യൻ നന്മയിലേക്ക് പോകണം”
എന്ന ലളിതമായ വാചകം
ഇന്ന് ഏറ്റവും വലിയ
മാനവിക രാഷ്ട്രീയ പ്രഖ്യാപനമായി മാറിയിരിക്കുന്നു.
സമൂഹം നേരിടുന്ന
ഏറ്റവും വലിയ പ്രതിസന്ധി
ദാരിദ്ര്യമോ തൊഴിലില്ലായ്മയോ മാത്രമല്ല.
മനസ്സുകളിൽ വിഷം കുത്തിവെച്ച്
വർഗീയത വളർത്താനുള്ള ശ്രമങ്ങൾ,
സാമൂഹികമാധ്യമങ്ങളും
അധികാരരാഷ്ട്രീയവും
ഫാഷിസവും ചേർന്ന്
വളർത്തുന്ന വെറുപ്പിന്റെ ഭാഷ,
മറ്റുമതസ്ഥരുടെ സ്ഥാപനങ്ങൾ കാണുമ്പോൾ
ഉയരുന്ന അസൂയ,കഷ്ടപ്പെട്ട് നേടിയ നന്മകൾ കാണുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ അസ്വസ്ഥത
സഹജീവികളെ ശത്രുക്കളാക്കി മാറ്റുന്ന ശബ്ദങ്ങൾ
ഇവയെല്ലാം നാം ദിനംപ്രതി കാണുന്നു.
ഈ പശ്ചാത്തലത്തിലാണ്
ഒരു മതപണ്ഡിതൻ
അധികാരത്തിന്റെ ഊക്കില്ലാതെ
കഠോര ശബ്ദമില്ലാതെ
കരുണയുടെ ആർദ്രത ഉയർത്തിപ്പിടിച്ച്
“നമുക്ക് എല്ലാവരും ചേർന്ന്
നന്മയുടെ പാശം ഒരുമിച്ച് പിടിച്ചു നടക്കാം”
എന്ന സന്ദേശം വിളംബരം ചെയ്യുന്നത്.
തീർച്ചയായും
കാന്തപുരത്തിന്റെ കേരളയാത്ര
ഒരു ഓർമ്മപ്പെടുത്തലാണ്
മതം മനുഷ്യനെ
മഹത്വവൽക്കരിക്കാനുള്ളതാണ്,
മറിച്ച് താഴ്ത്താനുള്ളതല്ല.
ദൈവം മനുഷ്യരെ തമ്മിൽ
ഏറ്റുമുട്ടാൻ അയച്ച ശക്തിയല്ല,
മനുഷ്യരെ തമ്മിൽ
ചേർക്കാൻ നൽകിയ
ഉത്തരവാദിത്വമാണെന്ന്
അദ്ദേഹം ഉത്ബോധിപ്പിക്കുന്നു.
അതെ...
അദ്ദേഹത്തിന്റെ യാത്രയിൽ ഉയരുന്ന സന്ദേശങ്ങൾ
രാഷ്ട്രീയ മുദ്രാവാക്യങ്ങളല്ല
ഹൃദയത്തെ സ്പർശിക്കുന്ന
നിശ്ശബ്ദ ആഹ്വാനങ്ങളാണ്.
“നിങ്ങൾ ആരെയെങ്കിലും വെറുക്കുന്നതിന് മുമ്പ്
അവൻ മനുഷ്യനാണെന്ന് ഓർക്കൂ.”എന്ന് പറയുന്നതിനേക്കാൾ
ഇന്നത്തെ കാലത്ത്
ഇതിലും വലിയ
വിപ്ലവചിന്തയുണ്ടോ?
ഒരു മതപണ്ഡിതൻ
മനുഷ്യരെ നന്മയിലേക്ക്
പ്രതീക്ഷയോടെ നയിക്കുമ്പോൾ
സ്വന്തം അനുയായികളെ
പ്രദർശിപ്പിക്കാൻ വേണ്ടിയുള്ള
യാത്രയല്ല.
മനുഷ്യർക്ക് ഇനിയും
ഒന്നിക്കാനുള്ള
നന്മയുടെ സാധ്യത
ഓർമ്മിപ്പിക്കാനുള്ളതാണ്.
അതുകൊണ്ടുതന്നെ
കാന്തപുരത്തിന്റെ കേരളയാത്ര
സ്വന്തം സംഘടനക്ക് വേണ്ടിയോ വ്യക്തിപരമായ താൽപര്യത്തിൽ അധിഷ്ഠിതമല്ല
ഒരു മാനവിക സാക്ഷ്യപ്പെടുത്തലാണ് അത്.
വിജയിക്കാൻ
വിദ്വേഷം സന്ദേശമാകണം
എന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാലത്ത്,
സമയത്ത്
മനുഷ്യൻ നന്മയിലേക്ക് പോകുന്നതാണ്
ആത്മീയ വിജയം
എന്ന വിശ്വാസത്തോടെ ഉദ്ബുദ്ധ കേരളത്തിൻറെ കേരളത്തി ചരിത്ര മണ്ണിലൂടെ ഏറ്റവും യോഗ്യതയുള്ള മനുഷ്യൻ നടക്കുന്ന
ഈ യാത്രയിലൂടെ ഇന്ന് ഈ നാടിനെ ഏറ്റവും ആവശ്യമുള്ള സന്ദേശമാണ് ഉയർത്തിപ്പിടിക്കുന്നത് '
അതെ....കേരളത്തിന് ഇന്ന്
ഏറ്റവും ആവശ്യമുള്ളത് മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അപ്പുറം
മനുഷ്യനെ മനുഷ്യനായി കാണുന്ന
കണ്ണും മനസ്സുള്ള വിഭാഗീയതയും വെറുപ്പും ഇല്ലാത്ത
നന്മയുടെ പ്രതീക്ഷയുമുള്ള
കേരളത്തെ നിലനിർത്തുക എന്നതാണ്.
കാന്തപുരം ഉസ്താദ് പറയുന്ന
ഈ മാനവികതയുടെ ഭാഷ
മലയാളിക്ക് മനസ്സിലാകും;
കാരണം
പണ്ടൊരുനാൾ
ശ്രീനാരായണ ഗുരുദേവൻ
നടന്ന് നനഞ്ഞു തീർത്ത
വഴിയിലൂടെയാണ്
അദ്ദേഹവും
യാത്ര ചെയ്യുന്നത്.
Tags:
കോഴിക്കോട്