✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ ബഷീർ വടകര
മുഹമ്മദ് നബിയെ ഒരു വാക്കിൽ പറയണമെങ്കിൽ ലോകത്തിലാകമാനം തന്നെ കാരുണ്യം അഥവാ "റഹ്മത്തുൽ ആലമീൻ" എന്നതാണ് ഏറ്റവും ചേരുന്ന വിശേഷണം.
പക്ഷേ ആ കാരുണ്യം ഒരു വികാരം മാത്രമായിരുന്നില്ല; അതൊരു ജീവന ജീവിതരീതിയായിരുന്നു... ആ ജീവിതത്തിലെ ഓരോ അധ്യായവും മനുഷ്യരാശിക്ക് ഓരോ പാഠമാണ്.
ആട്ടിടയനായി തുടങ്ങിയ ജീവിതം തന്നെയായിരുന്നു ആദ്യത്തെ പാഠം... മരുഭൂമിയുടെ നിശ്ശബ്ദതയിൽ ആടുകളെ മേയിച്ച ബാലൻ പിന്നീട് മനുഷ്യഹൃദയങ്ങളുടെ ഇടയനായി... വഴിതെറ്റിയ ആടിനെ കൂട്ടത്തിലേക്ക് തിരികെ കൊണ്ടുവരുന്നതുപോലെ, വഴിതെറ്റിയ മനുഷ്യനെ നന്മയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
വ്യാപാരിയായി നടന്നപ്പോൾ കൈയിൽ ചരക്കുകളായിരുന്നു; പക്ഷേ ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം നേടിയത് വിശ്വാസമായിരുന്നു... അതുകൊണ്ടാണ് മക്ക അദ്ദേഹത്തെ “അൽ-അമീൻ” വിശ്വസ്തൻ എന്ന് വിളിച്ചത് സമ്പത്ത് നഷ്ടപ്പെട്ടാലും വിശ്വാസം നഷ്ടപ്പെടരുതെന്ന് ആ ജീവിതം നമ്മെ പഠിപ്പിച്ചു.
അനാഥനായപ്പോൾ അദ്ദേഹം ഏകാന്തത അറിഞ്ഞു,ദാരിദ്ര്യം അനുഭവിച്ചപ്പോൾ വിശപ്പിന്റെ ഭാഷ മനസ്സിലാക്കി, അതുകൊണ്ടാണ് അനാഥന്റെ കണ്ണീരിലും ദരിദ്രന്റെ വിശപ്പിലും സ്വന്തം ബാല്യത്തിന്റെ വേദന അദ്ദേഹം കണ്ടത്.
ഭർത്താവായപ്പോൾ സ്നേഹത്തിന് സഹധർമ്മിണിക്ക് പുതിയ ഭാഷ തന്നെ നൽകി...ഭാര്യയോട് അധികാരം കാണിക്കുന്ന പുരുഷനല്ല, അവളുടെ മനസ്സറിയുന്ന സഹയാത്രികനാണ് നല്ല ഭർത്താവെന്ന് ജീവിതംകൊണ്ട് പഠിപ്പിച്ചു.
പിതാവായപ്പോൾ സ്നേഹം ഒരു ദൗർബല്യമല്ലെന്ന് കാണിച്ചു മകളെ വരവേൽക്കുമ്പോൾ എഴുന്നേറ്റുനിന്നു; കുട്ടികളെ ചേർത്തുപിടിച്ചു വാത്സല്യത്തോടെ ചുംബിച്ചു കൊണ്ട് പ്രവാചകൻറെ സമൂഹം കഠിനതയെ പുരുഷത്വമായി കണ്ടിരുന്ന കാലത്ത്, കരുണയാണ് യഥാർത്ഥ ശക്തിയെന്ന് പഠിപ്പിച്ചു.
സ്ത്രീയുടെ കാര്യത്തിൽ അദ്ദേഹം ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്തി... പെൺകുഞ്ഞ് ജനിക്കുന്നത് അപമാനമായി കണ്ടിരുന്ന കാലത്ത്, അവളുടെ ജീവനും മാന്യതയും അവകാശങ്ങളും സംരക്ഷിക്കപ്പെട്ടു... സ്ത്രീയെ വസ്തുവായി കാണുന്ന മനോഭാവം മാറ്റി, അവൾക്കും മാന്യതയും അവകാശവുമുള്ള മനുഷ്യസ്ഥാനമുണ്ടെന്ന് പഠിപ്പിച്ചു.
മാതാവിന്റെ കാര്യത്തിൽ അദ്ദേഹം ലോകത്തിന്റെ ഹൃദയം ഭൂമിയോളം താഴ്ന്നവനായിരുന്നു... ജീവിതത്തിൽ നീ ആരോടാണ് ഏറ്റവും കടപ്പെട്ടത് എന്ന ചോദ്യത്തിന് മാതാവിനോട് പിന്നെയും നിന്റെ മാതാവ്നോട്, പിന്നെയും നിന്റെ മാതാവ്നോട് തന്നെ, പിന്നെ നിന്റെ പിതാവ്”നോട് തന്നെ എന്ന് പറഞ്ഞു കൊണ്ട് മാതാപിതാക്കളോടുള്ള കടമയും കടപ്പാടും ബോധ്യപ്പെടുത്തിക്കൊണ്ട് കുടുംബത്തിന്റെ മൂലക്രമം തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു.
വൃദ്ധരുടെ മുന്നിൽ പ്രായത്തെ ആദരിക്കാൻ പഠിപ്പിച്ചു...
കുട്ടികളുടെ മുന്നിൽ അദ്ദേഹം നിർമ്മല മനസുള്ള ബാലനായിരുന്നു...
ദരിദ്രന്റെ അരികിൽ സമ്പത്തിന്റെ അഹങ്കാരം മറന്നു...
അനാഥന്റെ അരികിൽ സ്വന്തം ബാല്യത്തെ ഓർത്തു.
സാമൂഹിക പരിഷ്കർത്താവായപ്പോൾ മനുഷ്യന്റെ ശരീരത്തെയും ബോധത്തെയും കുടുംബത്തെയും തകർക്കുന്ന ലഹരിക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി മദ്യത്തെ “ഉമ്മുൽ ഖബാഇസ്” തിന്മകളുടെ മാതാവ് എന്ന് വിശേഷിപ്പിച്ച പ്രവാചകവചനം,.. ലഹരിയുടെ സാമൂഹിക നാശത്തെക്കുറിച്ചുള്ള ഗൗരവമുള്ള മുന്നറിയിപ്പായിരുന്നു.
മാനവിക ബോധം നഷ്ടപ്പെടുന്ന ഒരു സമൂഹത്തിന് പുരോഗതി സാധ്യമല്ലെന്ന് പ്രവാചകന്റെ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നു.
ലഹരിയിൽ നിന്ന് ഒരാളെ മോചിപ്പിക്കുന്നത് ഒരു വ്യക്തിയെ മാത്രം രക്ഷിക്കുന്നതല്ല; ഒരു കുടുംബത്തെയും ഒരു തലമുറയെയും ഒരു സമൂഹത്തെയും രക്ഷിക്കലാണ്.
അയൽക്കാരന്റെ വാതിൽക്കൽ മതത്തിന്റെ അതിരുകൾ ഇല്ലാതായി.. തന്നെ വേദനിപ്പിച്ചവരോടുപോലും നന്മ കാണിക്കാൻ പഠിപ്പിച്ചു.
അധ്യാപകനായപ്പോൾ അറിവ് ചൊല്ലി പഠിപ്പിക്കുന്നതിനെക്കാൾ സ്വന്തം ജീവിതം തന്നെ മാതൃകാപരമായി ജീവിച്ചു കാണിച്ചു മനുഷ്യനെ മാറ്റുകയായിരുന്നു.
പാപം ചെയ്തവരെ തെറ്റുകാരനും പാപിയും മാത്രമായി കണ്ടു മാത്രം കണ്ടില്ല അതിനു പിന്നിലെ മനുഷ്യനെയും കണ്ടു.
ഭരണാധിപനായപ്പോൾ കൊട്ടാരത്തിന്റെ ഉയരത്തിലേക്ക് കയറുകയല്ല ചെയ്തത്; ജനങ്ങളുടെ വേദനയിലേക്ക് ഇറങ്ങുകയായിരുന്നു പുണ്യ നബി.
അധികാരം അദ്ദേഹത്തിന് ആധിപത്യത്തിനുള്ള ഉപകരണമല്ലായിരുന്നു നീതിക്കുള്ള ഉത്തരവാദിത്വമായിരുന്നു.
യുദ്ധഭൂമിയിൽ പോലും മനുഷ്യത്ത്വം മറന്നില്ല... സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ഉപദ്രവിക്കരുതെന്ന് പഠിപ്പിച്ചു.
വിജയത്തിന്റെ ദിവസം അദ്ദേഹത്തിന്റെ മഹത്വം ഏറ്റവും കൂടുതൽ തെളിഞ്ഞപ്പോൾ മക്ക അദ്ദേഹത്തിന്റെ മുന്നിൽ കീഴടങ്ങിയപ്പോൾ പ്രതികാരത്തിന്റെ വാൾ ഉയർത്തിയില്ല; മാപ്പിന്റെ വാതിൽ തുറന്നു. ശത്രുവിനെ കീഴടക്കിയതിലുപരി ശത്രുതയെ കീഴടക്കുകയായിരുന്നു ആ വിജയം.
പ്രകൃതിയുടെ മടിയിലും അദ്ദേഹത്തിന്റെ കാരുണ്യം ഉണ്ടായിരുന്നു. മൃഗങ്ങളെയും പക്ഷികളെയും സ്നേഹിച്ചു... ജീവജാലങ്ങളോട് ക്രൂരത കാണിക്കരുതെന്ന് പഠിപ്പിച്ചു... മനുഷ്യനോടൊപ്പം പ്രകൃതിക്കും ജീവജാലങ്ങൾക്കും കരുണ അർഹിക്കുന്നുവെന്ന ബോധം നൽകി.
അങ്ങനെ നോക്കുമ്പോൾ മുഹമ്മദ് നബി ഒരു ജീവിതം മാത്രമല്ല മനുഷ്യജീവിതത്തിന്റെ ഉൽകൃഷ്ടമായ പല മുഖങ്ങളും ഒന്നിച്ചുചേർന്ന മഹത്തായ വ്യക്തിത്വമാണ്.
ആട്ടിടയനിൽ ക്ഷമ.
വ്യാപാരിയിൽ വിശ്വാസ്യത.
അനാഥനിൽ വേദനയുടെ തിരിച്ചറിവ്.
ഭർത്താവിൽ സ്നേഹം.
പിതാവിൽ വാത്സല്യം.
മാതാവിനോടുള്ള ബന്ധത്തിൽ ആദരം.
അധ്യാപകനിൽ ജ്ഞാനം.
പരിഷ്കർത്താവിൽ ധൈര്യം.
ലഹരിക്കെതിരായ സന്ദേശത്തിൽ സാമൂഹിക ജാഗ്രത,
ഭരണാധിപനിൽ നീതിയും
വിജയിയിൽ വിനയവും
യോദ്ധാവിൽ ധാർമ്മികതയും
പ്രകൃതിയോടുള്ള സമീപനത്തിൽ കാരുണ്യവും പഠിപ്പിച്ച നബിയാണ് നമ്മുടെ മാതൃക.
ഇവയെല്ലാം ഒന്നിച്ചുചേർന്നപ്പോഴാണ് മുഹമ്മദ് നബി എന്ന മഹത്തായ വ്യക്തിത്വം പൂർണമാകുന്നത്.
അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ പറയുന്നത്:
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
“തീർച്ചയായും നബിയെ താങ്കൾ മഹത്തായ സ്വഭാവത്തിന്റെ ഉടമയാണ്.”
നബിദിനം അതുകൊണ്ട് ഒരു ഓർമ്മദിനം മാത്രമല്ല
ആട്ടിടയന്റെ ക്ഷമ നമ്മുടെ ജീവിതത്തിലേക്ക് വരട്ടെ...
അൽ-അമീന്റെ സത്യസന്ധത നമ്മുടെ വാക്കുകളിൽ വരട്ടെ.
ഭർത്താവിന്റെ സ്നേഹം നമ്മുടെ വീടുകളിൽ വരട്ടെ.
പിതാവിന്റെ വാത്സല്യം നമ്മുടെ കുടുംബങ്ങളിൽ വരട്ടെ...
അനാഥന്റെ വേദന നമ്മുടെ ഹൃദയത്തിൽ തൊടട്ടെ.
സ്ത്രീയോടുള്ള ബഹുമാനം നമ്മുടെ സമൂഹത്തിൽ വളരട്ടെ.
വൃദ്ധരോടുള്ള ആദരം നമ്മുടെ സംസ്കാരമാകട്ടെ.
ദരിദ്രനോടുള്ള കരുണ നമ്മുടെ കൈകളാകട്ടെ.
ലഹരിക്കെതിരെ നമ്മുടെ സമൂഹം ഉണരട്ടെ.
പ്രകൃതിയോടുള്ള ഉത്തരവാദിത്വം നമ്മുടെ ജീവിതമാകട്ടെ,
അപ്പോഴാണ് നാം പ്രവാചകനെ ഓർക്കുന്നതും യഥാർത്ഥ അനുചരൻ ആകുന്നതും...
കാരുണ്യത്തിന്റെ പ്രവാചകൻ മുഹമ്മദ് നബി യുടെ ജീവിതം നമ്മുടെ ഹൃദയങ്ങൾക്ക് വെളിച്ചവും ജീവിതത്തിന് വഴികാട്ടിയുമാകട്ടെ..
സല്ലല്ലാഹു അലൈഹി വസല്ലം ...
V4ൻ്റെ വായനക്കാർക്ക്
നബിദിനാശംസകൾ...
ചീഫ് എഡിറ്റർ ബഷീർ വടകര
Tags:
വടകര