Trending

വൈവിധ്യങ്ങളുടെ പൂക്കാലം- ഓണത്തിന്റെ മഹത്തായ സന്ദേശം

✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര

എല്ലാ പൂക്കളും ഒന്നിച്ചുചേരുമ്പോഴാണ് പൂക്കളം മനോഹരമാകുന്നത്... ഓരോ പൂവിനും അതിന്റേതായ നിറവും മണവും ഭാവവും ഉണ്ടെങ്കിലും അവ പരസ്പരം ഇല്ലാതാക്കാതെ ഒന്നിച്ചുനിൽക്കുമ്പോഴാണ് ആ പൂക്കളം സൗന്ദര്യത്തിന്റെ പ്രതീകമാകുന്നത്.... 

അതുതന്നെയാണ് ഓണം മലയാളിക്ക് നൽകുന്ന ഏറ്റവും വലിയ ജീവിതപാഠം വൈവിധ്യങ്ങൾ ഒന്നിക്കുമ്പോഴാണ് നൈസർഗികമായ സൗന്ദര്യം കൈവരുന്നത് എന്നതാണ് .

ഓണം ഒരു ആഘോഷം മാത്രമല്ല; മനുഷ്യനും പ്രകൃതിയും സമൂഹവും പരസ്പരം കൈകോർക്കുന്ന ഒരു സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ്. 

ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക വ്യത്യാസങ്ങളുടെയും അതിരുകൾക്കപ്പുറം മനുഷ്യരെ ഒരേ മനസ്സോടെ ഒരുമിച്ചിരുത്തുന്ന ഉത്സവമാണ് ഓണം.

 പൂക്കളത്തിലെ ഓരോ പൂവിനും സ്ഥാനമുള്ളതുപോലെ, സമൂഹത്തിലെ ഓരോ മനുഷ്യനും മാന്യതയോടെയും അവകാശത്തോടെയും ജീവിക്കാനുള്ള ഇടമുണ്ടാകണം എന്ന സന്ദേശമാണ് ഓണം നൽകുന്നത്.

ഓണത്തിന്റെ ഐശ്വര്യം സമ്പത്തിന്റെ പ്രദർശനത്തിലല്ല; പങ്കുവെക്കലിലാണ്- ഒരു വീട്ടിലെ സന്തോഷം അയൽവീട്ടിലേക്കും ഒരു മനുഷ്യന്റെ കരുതൽ മറ്റൊരാളുടെ മുഖത്തെ പുഞ്ചിരിയിലേക്കും പകരുമ്പോഴാണ് ഓണം പൂർണമാകുന്നത്. 

ഓണസദ്യയുടെ വലിയ തത്വവും പല രുചികൾ, പല വിഭവങ്ങൾ, പല സ സ്വാദുകൾ, പല നിറങ്ങൾ ഇലയിട്ട് വിളമ്പി എല്ലാവരും ഒന്നിച്ചിരുന്ന് ഓണ സദ്യ ആസ്വദിക്കുന്ന ഒരു കൂട്ടായ്മ.

ഓണം പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്നു- വയലുകളിൽ വിളവ് പാകമാകുന്ന കാലം, പൂക്കൾ വിരിയുന്ന കാലം, മഴയും വെയിലും മാറിമാറി ഭൂമിയെ പാകപ്പെടുത്തുന്ന ഋതുഭേദങ്ങളുടെ കാലം... കാലഭേദങ്ങളോടൊപ്പം മനുഷ്യജീവിതവും സഞ്ചരിക്കുന്നു... കൃഷിയെ ആദരിക്കുക, മണ്ണിനെ സംരക്ഷിക്കുക, ജലത്തെ കാത്തുസൂക്ഷിക്കുക, പ്രകൃതിയുമായി സമരസപ്പെട്ട് ജീവിക്കുക എന്നതാണ് ഓണത്തിന്റെ പരിസ്ഥിതി സന്ദേശം.

മണ്ണിന്റെ മണവും കർഷകന്റെ വിയർപ്പും പ്രകൃതിയുടെ കരുതലും ചേർന്നുണ്ടാകുന്ന സമൃദ്ധിയുടെ ഉത്സവമാണ് ഓണം. 

ഒരു വിളവെടുപ്പിന്റെ പിന്നിൽ എത്രയോ കൈകളുടെ അധ്വാനമുണ്ടെന്ന് ഓണം നമ്മെ ഓർമ്മിപ്പിക്കുന്നു... അതുകൊണ്ടുതന്നെ കർഷകനെ ആദരിക്കുന്നതും ഭക്ഷണത്തെ പാഴാക്കാതിരിക്കുന്നതും പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുന്നതും ഓണത്തിന്റെ യഥാർത്ഥ ആത്മാവിനെ സംരക്ഷിക്കലാണ്.

ഓണം അതുകൊണ്ടുതന്നെ കാർഷിക ഋതുഭേദങ്ങളുടെ ഒരു സാംസ്കാരിക ദർശനവുമാണ്. മഴയിൽ നിന്ന് വിളവിലേക്ക്, വിത്തിൽ നിന്ന് ധാന്യത്തിലേക്ക്, അധ്വാനത്തിൽ നിന്ന് സമൃദ്ധിയിലേക്ക് പ്രകൃതി നടത്തുന്ന യാത്രയുടെ ആഘോഷമാണ് ഇത്. ഭൂമിയുടെ മാറുന്ന മുഖവും മനുഷ്യന്റെ മാറുന്ന ജീവിതവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ഓണം അടയാളപ്പെടുത്തുന്നു.

ഇന്ന് ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും ഭക്ഷ്യപ്രതിസന്ധിയുടെയും മുന്നിൽ നിൽക്കുമ്പോൾ, ഓണത്തിന്റെ സന്ദേശങ്ങൾക്ക് പുതിയ പ്രസക്തിയുണ്ട്. മണ്ണിനെ സ്നേഹിക്കാം, ജലത്തെ സംരക്ഷിക്കാം, കൃഷിയെ ആദരിക്കാം, ഭക്ഷണം പാഴാക്കാതിരിക്കാം, പ്രകൃതിയെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കാം.

ഓണത്തിന്റെ ഹൃദയത്തിൽ ത്യാഗത്തിന്റെയും വിട്ടുകൊടുക്കലിന്റെയും മഹത്തായ കഥ കൂടിയുണ്ട്... മഹാബലി എന്ന സങ്കൽപ്പം അതുകൊണ്ടാണ് മലയാളിയുടെ മനസ്സിൽ ഇന്നും ഇത്ര ആഴത്തിൽ ജീവിക്കുന്നത്.

 അധികാരവും സമ്പത്തും സ്വന്തമെന്ന അഹങ്കാരത്തിൽ പിടിച്ചുനിൽക്കാതെ, ആവശ്യപ്പെട്ടപ്പോൾ തന്റെ എല്ലാം വിട്ടുകൊടുക്കാൻ തയ്യാറായ മഹാബലിയുടെ മഹാ വിട്ടുകൊടുക്കൽ ഓണം നമ്മെ നല്ലോണം പഠിപ്പിക്കുന്നു.

മഹാബലിയുടെ മഹത്വം അദ്ദേഹം കൈവശം വെച്ചതിന്റെ ബാഹുല്യം കൊണ്ടായിരുന്നില്ല- വിട്ടുകൊടുക്കാൻ തയ്യാറായ മനസ്സിന്റെ പേരിലാണ്. ഇന്നത്തെ ലോകത്ത് മനുഷ്യൻ കൂടുതൽ സ്വന്തമാക്കാനുള്ള മത്സരത്തിലാണ്... എന്നാൽ ഓണം ചോദിക്കുന്നു: നമ്മൾ എത്ര നേടി എന്നതല്ല, എത്ര പങ്കിട്ടു എന്നതാണ് നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ സമ്പത്ത്.

കള്ളവും ചതിയും വഞ്ചനയും ഇല്ലാതെ മനുഷ്യരെല്ലാം തുല്യരായി സ്നേഹത്തിലും നീതിയിലും കഴിഞ്ഞ മഹാബലിയുടെ ആ നല്ലകാലം വീണ്ടും വരണമെന്ന മനുഷ്യ മനസ്സാക്ഷിയുടെ ആഴമേറിയ ആഗ്രഹം മനസ്സിൻ്റെ പൂമുഖത്ത് പൂവിട്ട് കാത്തിരിക്കുന്ന ഗുണകാംക്ഷ ഓണം പങ്കുവെക്കുന്നു.

ഓണത്തിന്റെ യഥാർത്ഥ പൂക്കളം നമ്മുടെ വീടിന്റെ മുറ്റത്ത് മാത്രമല്ല, നമ്മുടെ ഹൃദയത്തിലാണ് വിരിയേണ്ടത്. അവിടെ സ്നേഹത്തിന്റെ തുമ്പപ്പൂവും കരുണയുടെ ചെമ്പരത്തിയും സൗഹൃദത്തിന്റെ മന്ദാരവും സഹവർത്തിത്വത്തിന്റെ കണിക്കൊന്നയും ഒരുമിച്ച് വിരിയട്ടെ.

വ്യത്യസ്ത നിറങ്ങളുള്ള പൂക്കൾ ഒന്നിച്ചപ്പോൾ പൂക്കളം മനോഹരമാകുന്നതുപോലെ, വ്യത്യസ്ത മനുഷ്യർ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഒന്നിച്ചുനിൽക്കുമ്പോഴാണ് സമൂഹം മനോഹരമാകുന്നത്.

വൈവിധ്യങ്ങൾ വിരോധമല്ല, സൗന്ദര്യമാണ്...
വിട്ടുകൊടുക്കൽ നഷ്ടമല്ല, മഹത്വമാണ്...
പ്രകൃതിയോടുള്ള ആദരവ് പഴഞ്ച നിയമല്ല, സുരക്ഷിതമായ ഭാവിയുടെ ആവശ്യമാണ്...
നന്മകൾ പങ്കുവെക്കലാണ് യഥാർത്ഥ ഐശ്വര്യം..
മഹത്തായ ഇത്തരം സന്ദേശങ്ങളുമായി എത്തുന്ന നല്ലോണനാളിൽ
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ.

സ്നേഹവും സമത്വവും സഹവർത്തിത്വവും നിറഞ്ഞ ഒരു നല്ല നാളെയുടെ പൂക്കാലമാകട്ടെ ഈ ഓണം.

 ബഷീർ വടകര

Post a Comment

Previous Post Next Post