✍🏻 വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ ബഷീർ വടകര
ന്യൂഡൽഹി: കുട്ടികളുടെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. Passports Amendment Rules 2026 പ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ടിന്റെ കാലാവധി സംബന്ധിച്ച വ്യവസ്ഥകളിലാണ് പ്രധാന മാറ്റം.
*കാലാവധിയിൽ മാറ്റം*
പുതിയ നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുവദിക്കുന്ന പാസ്‌പോർട്ടിന് 5 വർഷം അല്ലെങ്കിൽ കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ, ഏതാണ് ആദ്യം വരുന്നത് അത്രയും കാലാവധി ലഭിക്കും.
നേരത്തെ 5 വർഷം അല്ലെങ്കിൽ കുട്ടിക്ക് 15 വയസ്സ് തികയുന്നത് വരെയായിരുന്നു കാലാവധി. പുതിയ വ്യവസ്ഥ കൗമാരപ്രായത്തിൽ വീണ്ടും പാസ്‌പോർട്ട് പുതുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും.
*പുതുക്കിയ ഫീസ്*
സാധാരണ അപേക്ഷയ്ക്കുള്ള ഫീസ് ₹1,750 ആയി ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇത് ₹1,000 ആയിരുന്നു.
Tatkaal അപേക്ഷയ്ക്ക് ₹4,250 ആണ് പുതിയ ഫീസ്. നേരത്തെ ₹3,000 ആയിരുന്നു.
അതേസമയം, 8 വയസ്സിന് താഴെയുള്ള കുട്ടികളുടെ പുതിയ പാസ്‌പോർട്ട് അപേക്ഷകൾക്ക് 10 ശതമാനം ഫീസ് ഇളവ് തുടരും.
*അപേക്ഷാ നടപടികളിലും മാറ്റം*
പാസ്‌പോർട്ട് അപേക്ഷാ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ അപേക്ഷയിൽ ഇനി മുതൽ അമ്മയുടെയോ അച്ഛന്റെയോ ഒരാളുടെ പേര് മാത്രം നൽകിയാൽ മതിയാകും.
അപേക്ഷയ്ക്കൊപ്പമുള്ള അനുബന്ധ രേഖകൾ നോട്ടറിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കേണ്ടതില്ല. മാതാപിതാക്കൾക്ക് പ്ലെയിൻ പേപ്പറിൽ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി (Self-Attestation) സമർപ്പിക്കാം.
കുട്ടികളുടെ പാസ്‌പോർട്ട് സംബന്ധിച്ച നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനും ആവർത്തിച്ചുള്ള പുതുക്കൽ ഒഴിവാക്കുന്നതിനുമാണ് പുതിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.
റിപ്പോർട്ട്: ബഷീർ വടകര
Tags:
NATIONAL