✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ ബഷീർ വടകര
രണ്ടാംഘട്ട എൻറോൾമെന്റ് സെപ്റ്റംബർ 18 വരെ; ഇതിനകം 55,000 കുടുംബങ്ങൾ പദ്ധതിയുടെ ആനുകൂല്യം നേടി.
തിരുവനന്തപുരം: പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും കൂടുതൽ എളുപ്പത്തിൽ ആരോഗ്യ അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന "നോർക്ക കെയർ പ്ലസ് പദ്ധതി "യുടെ എൻറോൾമെന്റ് ഇനി സംസ്ഥാനത്തെ 3,000ത്തിലധികം അക്ഷയ കേന്ദ്രങ്ങൾ വഴിയും ലഭ്യമാകുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ സേവനം കൂടി പ്രയോജനപ്പെടുത്തി പരമാവധി പ്രവാസി കുടുംബങ്ങളിലേക്ക് പദ്ധതിയുടെ ആനുകൂല്യം എത്തിക്കുകയാണ് സർക്കാറിൻ്റെ ലക്ഷ്യം.
അക്ഷയ കേന്ദ്രങ്ങൾ വഴി നോർക്ക കെയർ പ്ലസ് എൻറോൾമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്- ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി തയ്യാറാക്കിയ പ്രചാരണ പോസ്റ്ററുകളുടെ പ്രകാശനം തിരുവനന്തപുരത്ത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
അക്ഷയ ഡയറക്ടർ സന്ദീപ് കുമാർ, നോർക്ക റൂട്ട്സ് സി.ഇ.ഒ രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
*ഒരു കോടി രൂപ വരെ ആരോഗ്യ–അപകട ഇൻഷുറൻസ്*
പ്രവാസി കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത നോർക്ക കെയർ പ്ലസിൽ ഒരു കോടി രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസിനും ഒരു കോടി രൂപ വരെയുള്ള അപകട ഇൻഷുറൻസിനും പരിരക്ഷ ലഭിക്കും- പങ്കാളിയെയും കുട്ടികളെയും ഉൾപ്പെടുത്തുന്നതിനൊപ്പം 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും പദ്ധതിയുടെ ഭാഗമാക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത.
നിലവിലുള്ള രോഗങ്ങൾക്കും പദ്ധതിയിൽ ക്ലെയിം ലഭിക്കുമെന്നതും പ്രവാസി കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമായ വ്യവസ്ഥയാണ്.
പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് നോർക്ക റൂട്ട്സ് ഈ പദ്ധതി നടപ്പാക്കുന്നത്.
*പ്രവാസികളുടെ ആവശ്യം പരിഗണിച്ച് രണ്ടാംഘട്ടം*
ആദ്യഘട്ട എൻറോൾമെന്റ് സമയത്ത് പദ്ധതിയിൽ ചേരാൻ കഴിയാതിരുന്ന നിരവധി പ്രവാസികൾക്ക് വീണ്ടും അവസരം നൽകണമെന്ന ആവശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ രണ്ടാംഘട്ട എൻറോൾമെന്റ് ആരംഭിച്ചത്.
ഓഗസ്റ്റ് 18ന് ആരംഭിച്ച രണ്ടാംഘട്ടപ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ 23,000ത്തോളം കുടുംബങ്ങൾ പദ്ധതിയിൽ ചേർന്നിട്ടുണ്ട്- ഇതോടെ നോർക്ക കെയർ പ്ലസിൽ എൻറോൾ ചെയ്ത ആകെ കുടുംബങ്ങളുടെ എണ്ണം 55,000 ആയി.
*സെപ്റ്റംബർ 18 വരെ രണ്ടാംഘട്ട എൻറോൾമെന്റിന് അവസരമുണ്ട്* .
അക്ഷയ കേന്ദ്രങ്ങൾ കൂടി സേവന ശൃംഖലയുടെ ഭാഗമായതോടെ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും കുടുംബങ്ങൾക്കും എൻറോൾമെന്റ് നടപടികൾ കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ.
Tags:
GULF NEWS