പത്തനംതിട്ട | കാലവര്‍ഷം ആരംഭിച്ച് 56 ദിവസം പിന്നിടുമ്പോഴും കേരളത്തില്‍ പ്രതീക്ഷിച്ച മഴ ഇനിയും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച പ്രദേശം ഇടുക്കിയാണെന്നുള്ളതും മാറി വരുന്ന കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള സൂചനയാണ്. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജൂലൈ 26 വരെ ലഭിക്കേണ്ടത് 1203.9 മില്ലീ മീറ്റര്‍ മഴയാണ്. എന്നാല്‍ ഇക്കാലയളവില്‍ ലഭിച്ച മഴയുടെ അളവ് 529.5 മില്ലീ മീറ്റര്‍ മാത്രവും. 31 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇടുക്കിയില്‍ ഇതുവരെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് പെയ്തത്. 1415.6 മില്ലീ മീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്ന കാലയളവില്‍ ലഭിച്ചത് 727.5 മില്ലീ മീറ്റര്‍ മാത്രം. മഴ കുറവില്‍ രണ്ടാം സ്ഥാനം കോഴിക്കോടിനാണ്. ഇവിടെ ലഭിക്കേണ്ടിയിരുന്ന മഴയുടെ 46 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വയനാട് 45, കോട്ടയത്ത് 37, പാലക്കാട്ട് 36, തൃശൂരില്‍ 35, തിരുവനന്തപുരത്തും മലപ്പുറത്തും 30, എറണാകുളത്ത് 22 ശതമാനം മഴയുടെ കുറവാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ സാധാരണ നിലയില്‍ മഴ ലഭിച്ചതായും കണക്കുകളില്‍ വ്യക്തമാവുന്നു.
മഴയുടെ അളവില്‍ കുറവ് വന്നതോടുകൂടി സംസ്ഥാനത്ത് കെ എസ് ഇ ബി ലിമിറ്റഡിന്റെ വൈദ്യുതോത്പാദന കേന്ദ്രങ്ങളിലെ സംഭരണികളിലും ജലത്തിന്റെ അളവ് കുറവാണ്.
സംഭരണ ശേഷിയുടെ 34 ശതമാനം ജലം മാത്രമാണ് സംഭരണികളിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1320.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളത്തിന്റെ കുറവാണ് നിലവില്‍ സംഭരണികളിലുള്ളത്.
Tags:
KERALA