പത്തനംതിട്ട | കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ വന്‍ വഴിത്തിരിവ്. കൊല ചെയ്തുവെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മന്‍കുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. ഭാര്യയെ ഭയന്നാണ് ഒളിവില്‍ കഴിഞ്ഞതെന്നും ഭാര്യക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളതായി തോന്നിയിട്ടുണ്ടെന്നും തൊടുപുഴ ഡിവൈ എസ് പി ഓഫീസില്‍ എത്തിച്ച നൗഷാദ് പറഞ്ഞു.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുന്‍പ് ഭാര്യ അഫ്‌സാനയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്‌സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലാണ് ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്കു താമസിക്കുമ്പോള്‍ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്‌സാന പോലീസിനോടു പറഞ്ഞു.
വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്‌സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കല്‍, പോലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അഫ്‌സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.
Tags:
KERALA