പൊന്നാനി | ഭാര്യയെ കൊലപ്പെടുത്താൻ യൂനുസ് കോയ കൃത്യമായ ആസൂത്രണങ്ങൾ നടത്തിയിരുന്നതായി പൊലീസ്. സുലൈഖയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നതിന് മുൻപ് യൂനുസ് കോയ സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റിയിരുന്നു. മൊബൈൽ ഫോണും മാറ്റി വച്ചു. കനാലും പുഴയും നീന്തേണ്ടി വരുമെന്ന മുൻവിധിയോടെയാണ് പ്രതി കൊലയ്ക്ക് മുൻപ് തന്നെ വസ്ത്രങ്ങൾ ഉൗരി മാറ്റിയതെന്ന് പൊലീസ് പറഞ്ഞു.
അടിവസ്ത്രം മാത്രം ധരിച്ചാണ് വീടിനകത്തേക്ക് കയറിയത്. സുലൈഖയെ അടിച്ചു വീഴ്ത്തിയതിനു ശേഷം വീടിന്റെ പിൻവശത്തുകൂടി കനോലി കനാൽ നീന്തിക്കടന്നു. പിന്നെ കർമ റോഡിലേക്ക് നടന്ന് അവിടെ നിന്ന് പുഴയിൽ ചാടി പുറത്തൂർ കരയിലേക്ക് നീന്തുക്കയറുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം.
അതിനിടെ, പ്രതി പടിഞ്ഞാറേക്കര പഞ്ചിലകത്ത് യൂനുസ് കോയയെ (40) പൊലീസ് പൊന്നാനിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ഹൈദരാബാദിൽ നിന്നാണു പിടികൂടിയത്. ഗൾഫിൽ ജോലിതേടി വിസിറ്റിങ് വീസയിൽ പോയ യൂനുസ് കോയ ഉടൻ തന്നെ തിരിച്ചു വരികയായിരുന്നു. നാട്ടിലെത്തിയയുടൻ പൊന്നാനിയിൽ ഭാര്യ സുലൈഖയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. ഇയാൾക്ക് ഭാര്യയിൽ സംശയമുണ്ടായിരുന്നതായും പലപ്പോഴും വിദേശത്ത് പോയ ഉടൻ മടങ്ങിയെത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
തേങ്ങ പൊളിക്കുന്ന കമ്പി കൊണ്ട് സുലൈഖയുടെ തലയ്ക്കടിച്ച ശേഷം വീടിന്റെ അടുക്കള വാതിലിലൂടെ പുറത്തേക്ക് ഓടിയതായാണ് പൊലീസ് പറയുന്നത്. ട്രെയിനിൽ ഹൈദരാബാദിലേക്ക് കടന്ന പ്രതിയെ ബന്ധുക്കളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
ഹൈദരാബാദിൽ വർഷങ്ങളോളം താമസിച്ച പരിചയം വച്ചാണ് അവിടേക്കു കടന്നത്. കഴിഞ്ഞ ആഴ്ചയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. താനൂർ എഎസ്പി ഷെഹൻഷാ, തിരൂർ ഡിവൈഎസ്പി കെ.എം.ബിജു, പൊന്നാനി സിഐ വിനോദ് വലിയാട്ടൂർ, എസ്ഐമാരായ നവീൻ ഷാജ്, പ്രമോദ്, എഎസ്ഐമാരായ രാജേഷ്, വർഗീസ്, സിപിഒമാരായ നാസർ, രഞ്ജിത്ത്, എസ്.പ്രശാന്ത് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:
മലപ്പുറം