വിന്‍ഡീസ് ഇന്നിംഗ്‌സിലെ ആദ്യ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യന്‍ പേസര്‍മാരും അവശേഷിച്ച ഏഴ് വിക്കറ്റുകള്‍ സ്‌പിന്നര്‍മാരും സ്വന്തമാക്കി. കെയ്‌ല്‍ മെയേഴ്‌സിനെ(9 പന്തില്‍ 2) ഹാര്‍ദിക് പാണ്ഡ്യയും എലിക് അഥാന്‍സയെ(18 പന്തില്‍ 22) അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാറും ബ്രാണ്ടന്‍ കിംഗിനെ(23 പന്തില്‍ 17) ഷര്‍ദുല്‍ താക്കൂറും തുടക്കത്തിലെ പറഞ്ഞയച്ചു. ഇതിന് ശേഷം സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും വിന്‍ഡീസിനെ കറക്കിവീഴ്‌ത്തുന്നതാണ് കണ്ടത്. ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(19 പന്തില്‍ 11), റോവ്‌മാന്‍ പവല്‍(4 പന്തില്‍ 4), റൊമാരിയ ഷെഫോര്‍ഡ്(2 പന്തില്‍ 0) എന്നിവരെ ജഡേജയും ഡൊമിനിക്ക് ഡ്രാക്‌സ്(5 പന്തില്‍ 3), യാന്നിക് കാരിയ(9 പന്തില്‍ 3), ഷായ് ഹോപ്(45 പന്തില്‍ 43), ജെയ്‌ഡന്‍ സീല്‍സ്(3 പന്തില്‍ 0) എന്നിവരെ കുല്‍ദീപും പുറത്താക്കി.
മറുപടി ബാറ്റിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മ സ്വയം മാറി ഇഷാന്‍ കിഷന് ഓപ്പണിംഗില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം അവസരം കൊടുത്തു. എന്നാല്‍ ഗില്ലിന്‍റെ(16 പന്തില്‍ 17) ഇന്നിംഗ്‌സ് നാല് ഓവറിനപ്പുറം നീണ്ടില്ല. ജെയ്‌ഡന്‍ സീല്‍സിന്‍റെ പന്തില്‍ സ്ലിപ്പില്‍ ബ്രാണ്ടന്‍ കിംഗിനായിരുന്നു ക്യാച്ച്. മൂന്നാം നമ്പറിലും രോഹിത് ക്രീസിലെത്തിയില്ല. പകരമെത്തിയ സൂര്യകുമാര്‍ യാദവ്(25 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാന്‍ ശ്രമിച്ച് എല്‍ബിയില്‍ മടങ്ങി. നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 7 പന്തില്‍ 5 റണ്ണെടുത്ത് പുറത്തായി. അർധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയും(46 പന്തില്‍ 52) മോട്ടീ മടക്കി. 4 പന്തില്‍ 1 റണ്ണുമായി ഷർദുല്‍ ഠാക്കൂറും മടങ്ങി. രവീന്ദ്ര ജഡേജയും(16*), രോഹിത് ശർമ്മയും(12*) കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയിപ്പിച്ചു.