Trending

ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്ര നട തുറന്നു; മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം

ശബരിമല | ശരണാരവങ്ങള്‍ക്കിടെ മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്ര നട തുറന്നു. ഇന്ന് രാവിലെ 4.57ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരാണ് നട തുറന്നത്. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിക്ക് അശൂലമായതിനാലാണ് തന്ത്രി തന്നെ നട തുറന്ന് ശ്രീകോവിലിനുള്ളില്‍ ദീപം തെളിച്ചത്.

കീഴ്ശാന്തി നാരായണന്‍ പോറ്റി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിച്ചു. തുടര്‍ന്ന് നിയുക്ത ശബരിമല മേല്‍ശാന്തി പി എന്‍ മഹേഷിനെയും മാളികപ്പുറം മേല്‍ശാന്തി പി ജി മുരളി നമ്പൂതിരിയെയും കീഴ്ശാന്തി കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. രാത്രി ഏഴോടെ പുതിയ ശബരിമല മേല്‍ശാന്തി മഹേഷ് നമ്പൂതിരിയുടെ അവരോധിക്കല്‍ ചടങ്ങ് സന്നിധാനത്ത് നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ സോപാനത്ത് പത്മം വരച്ച് കലശം പൂജിച്ച ശേഷം നിയുക്ത മേല്‍ശാന്തിയെ അഭിഷേകം ചെയ്തു. തുടര്‍ന്ന് കൈപിടിച്ച് ശ്രീലകത്ത് എത്തിച്ച് അയ്യപ്പന്റെ മൂലമന്ത്രം കാതില്‍ ഓതിയതോടെ ഒരു വര്‍ഷത്തെ പുറപ്പെടാ ശാന്തിയായി പി എന്‍ മഹേഷ് നമ്പൂതിരി അവരോധിതനായി. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരിയുടെ അവരോധന ചടങ്ങും പിന്നാലെ നടന്നു.

നാളെ വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാകും ശബരിമലയിലും മാളികപ്പുറത്തും നട തുറക്കുന്നത്. പുലര്‍ച്ചെ നാലിന് നട തുറന്ന് മണ്ഡലകാല പൂജകള്‍ ആരംഭിക്കും. ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. 

Post a Comment

Previous Post Next Post